സി.എം.എസ്. കോളജിലെ വൃക്ഷവൈവിധ്യം ഇനി ക്യൂ. ആര്‍. കോഡില്‍


സി.എം.എസ്. കോളജിലെ വൃക്ഷവൈവിധ്യം ഇനി ക്യൂ.ആര്‍. കോഡില്‍

സി.എം.എസ്. കോളജ് ക്യാമ്പസിലെ വൈവിധ്യം നിറഞ്ഞ വൃക്ഷസമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനി ക്യൂ.ആര്‍. കോഡില്‍ ലഭ്യമാകും. ജൈവവൈവിധ്യം നിറഞ്ഞ ക്യാമ്പസില്‍ 546 തരം സസ്യങ്ങളാണുള്ളത്. ഇതില്‍ നൂറ്റമ്പത് ഇനങ്ങളിലുള്ള വൃക്ഷങ്ങളിലാണ് ക്യൂ.ആര്‍. കോഡ് തയാറാക്കിയത്. ഓരോ വൃക്ഷത്തിലും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലാണ് ക്യൂ.ആര്‍. കോഡ് ചേര്‍ത്തിരിക്കുന്നത്. ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം, നാട്ടുപേര്, വൃക്ഷങ്ങളുടെ ആവാസവ്യവസ്ഥ, വൃക്ഷങ്ങള്‍ കായ്ക്കുകയും പൂക്കുകയും ചെയ്യുന്ന സമയം, വൃക്ഷങ്ങളില്‍ പൂക്കളും, ശിഖരങ്ങളും, ഇലകളും എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും. വിവരങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. ജൈവവൈവിധ്യ വിഷയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍, കുട്ടികള്‍ സന്ദര്‍ശകര്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടുംവിധമാണ് നൂതനസംവിധാനം ഒരുക്കിയിരിക്കുന്നത്. ഗുരുതര വംശനാശഭീഷണി നേരിടുന്ന വെള്ളപ്പൈന്‍ ഉള്‍പ്പെടെയുള്ള വൃക്ഷങ്ങളുടെ വിവരങ്ങള്‍ ക്യൂ.ആര്‍. കോഡ് വഴി ലഭ്യമാണ്. സി.എം.എസ്. കോളജ് സസ്യശാസ്ത്ര വിഭാഗം കോട്ടയം സാമൂഹിക വനവല്‍ക്കരണ വിഭാഗവുമായി ചേര്‍ന്നാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം സംവിധായകന്‍ ജയരാജ് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വ, കോളജിയറ്റ് എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആര്‍. പ്രഗാഷ്, ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഡോ. ജി. പ്രസാദ്, ബര്‍സാര്‍ റവ. ജേക്കബ് ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മിനി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. വേനല്‍ക്കാലത്ത് കിളികള്‍ക്ക് കുടിവെള്ളം നല്‍കുന്ന ‘കിളിക്കുടം’ പദ്ധതിയുടെ ഉദ്ഘാടനവും ജയരാജ് നിര്‍വഹിച്ചു. കോട്ടയം ബേഡ്സ് ക്ലബ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെയാണ് ക്യമ്പസില്‍ പദ്ധതി നടപ്പാക്കുന്നത്.